District News
കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
Kerala
കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.
ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന്‍ ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
2012 ഓഗസ്റ്റില്‍ എന്റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.
അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.
വീട്ടില്‍ 27 പവന്റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.
2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.
കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.
ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.
എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന് കളിച്ച കളിയാണിത്. എന്റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.
എന്റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.
കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന് കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.
എന്റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്റെ സംശയം. ഭാര്യ മരിച്ചതിന്റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.
അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്റെ അച്ഛന് ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.
എന്റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്റെ വീടിന് അടുത്ത് ഒരു പോലീസുകാരന് ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.
അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.
District News
കൽപ്പറ്റ: പൊതുജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ബാധ്യസ്ഥരായ മാനന്തവാടി മെഡിക്കൽ കോളജ് അധികൃതർ അശ്രദ്ധമായ പ്രവർത്തനങ്ങളിലൂടെ രോഗങ്ങൾ പടരാൻ ഇടയാക്കുന്ന സാഹചര്യം ഒരുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
ആശുപത്രിയിൽ നിന്നുള്ള വെള്ളം ശുദ്ധജലമായാൽ പോലും ആശുപത്രി പരിസരത്തേക്കോ സമീപ പ്രദേശങ്ങളിലേക്കോ പൊതുറോഡിലേക്കോ ഒഴുക്കിവിടാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആശുപത്രിയിലെ വെള്ളം റോഡിലേക്കോ ഓവുചാലിലേക്കോ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മീഷൻ മാനന്തവാടി മെഡിക്കൽ കോളജ് സൂപ്രണ്ടിന് കർശന നിർദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം. വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് ചൂട്ടക്കടവ് ഭാഗത്ത് നിന്നും പ്രവേശിക്കുന്ന റോഡിലേക്ക് ആശുപത്രിയിലെ മലിനജലം ആറ് മാസത്തോളമായി ഒഴുകുകയാണെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോപണം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. റോഡിലേക്ക് ഒഴുകുന്ന ജലം മലിനജലമല്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ആശുപത്രിയിൽ പുതിയ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ മെഡിക്കൽ കോളജിലെ സെപ്റ്റിക് ടാങ്കിലെ വെള്ളം ശുദ്ധീകരിച്ച് സോക്കേജ് പിറ്റിൽ ശേഖരിക്കുന്ന വെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങി ചൂട്ടക്കടവ് മോർച്ചറി റോഡിന്റെ ഓവുചാലിലേക്ക് ഇറങ്ങുന്നതായി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് മാനന്തവാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇത് അടിയന്തരമായി പരിഹരിക്കാൻ സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞു. ചുട്ടക്കടവ് സ്വദേശി ഷംസു സമർപ്പിച്ച പരാതിയിലാണ് നടപടി.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗീകാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
District News
കോഴിക്കോട്: പാലാഴിയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ വഴിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടര്‍ക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നല്കിയ നിര്‍ദ്ദേശം. ഫെബ്രുവരിയില്‍ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
നെല്ലിക്കോട് സ്വദേശി പത്രവിതരണക്കാരനായ പി. കൃഷ്ണദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വാഹനം വരുമ്പോള്‍ ഒതുങ്ങി നില്ക്കാന് പോലുമുള്ള സ്ഥലമില്ലെന്നും 300ഓളം വീട്ടുകാര്‍ ദുരിതം അനുഭവിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
Kerala
തൃശൂർ: മദ്യത്തിനു പേരിടാൻ ബിവറേജസ് കോർപറേഷൻ സമ്മാനം വാഗ്ദാനംചെയ്തു മത്സരം നടത്തിയതിനെതിരേ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ നൽകിയ പരാതിയിലാണു നടപടി. മദ്യത്തിനു പേരും ലോഗോയും ക്ഷണിച്ച നടപടി പിൻവലിക്കാൻ നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: നഗരത്തില്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ വിന്യസിപ്പിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
വഴിയടച്ച് വാഹനം നിര്‍ത്തിയും മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റിയും മണിക്കൂറുകള്‍ നീളുന്ന ഗതാഗതതടസത്തിന് കാരണമാകുന്ന സ്വകാര്യ ബസുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ടൗണ്‍ഹാള്‍ ജംഗ്ക്ഷനിലും കളമശേരിയിലുമുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപുറമേയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
അസി. കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്), ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി.
റോഡിന്റെ ഇടതുവശം ചേര്‍ന്നല്ലാതെ നിര്‍ത്തി ആളെകയറ്റുക, ലെയിന്‍ ട്രാഫിക് പാലിക്കാതിരിക്കുക, ജംഗ്ക്ഷനുകളില്‍ ഫ്രീ ലെഫ്റ്റ് അനുവദിക്കാതെ വഴി തടഞ്ഞുനിര്‍ത്തുക, സൈലന്‍സ് സോണില്‍ നിരോധിത ഹോണ്‍ ഉപയോഗിക്കുക, ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുക, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങള്‍ ഒടിക്കുന്നവരെ ഭയപ്പെടുത്തുക തുടങ്ങിയ പരാതികള്‍ സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് ഉണ്ടായിട്ടും പോലീസ് നിര്‍ജീവമാണെന്നാണ് ആക്ഷേപം. ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം വൈറ്റില, ഇടപ്പള്ളി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങളിലുണ്ടാകുന്ന ഗതാഗതകുരുക്കും പരിശോധിക്കണം. സ്വകാര്യബസുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് കര്‍ശനവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും മടിക്കരുതെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
റോഡ് സുരക്ഷാ കമ്മീഷണര്‍ മോട്ടോര്‍ വെഹിക്കിള്‍സ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ ഒരുമാസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 22 ന് രാവിലെ 10 ന് പത്തടിപാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഇവര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
Kerala
കൊച്ചി: റോഡില്‍ താഴ്ന്നുകിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടു നിയോഗിച്ച വിദഗ്ധസമിതി വൈദ്യുതിവകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഇനിയും കാലതാമസം പാടില്ലെന്നു കമ്മീഷന് വൈദ്യുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. കളമശേരി ഇഖറ മസ്ജിദ് ഇമാം അബ്ദുള്‍ അസീസ് ഓടിച്ച ബൈക്ക് 2024 ഓഗസ്റ്റ് 20ന് കേബിളില്‍ കുരുങ്ങി അപകടത്തില്പ്പെട്ടതിന്റെയും സമാനസംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു കമ്മീഷൻ നിർദേശം.
വിദഗ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാന്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഊര്‍ജ വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 30ന് കെഎസ്ഇബി സുരക്ഷാവിഭാഗം ഡയറക്ടറുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കി.
ഇതില്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ രൂപക്, ട്രാഫിക് എസ്പി, ട്രാഫിക് സൗത്ത് എസ്പി, തദ്ദേശ വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്.എസ്. രശ്മി എന്നിവര്‍ അംഗങ്ങളായിരുന്നു. കേബിള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഒമ്പത് നിര്‍ദേശങ്ങള്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി കമ്മീഷന് സിറ്റിംഗില്‍ ഹാജരായി. ഊര്‍ജ, നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സര്‍ക്കാരിനു നിയമപരമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജോയിന്റ് സെക്രട്ടറി അറിയിച്ചു.
അന്തിമ തീരുമാനമെടുക്കുന്നതിനുമുമ്പ് കെഎസ്ഇബി തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. മാര്‍ച്ചില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ വംശീയാക്രമണത്തിന് വിധേയനായി എയ്ഞ്ചൽ ചക്മ (24) എന്ന വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനും നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്നും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഏഴ് ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണമെന്നും ഡെറാഡൂൺ അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകി. കേസ് നടപടികളുടെ പകർപ്പ് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ചുകൊടുക്കണം.
Kerala
തൃശൂർ: പരിഷ്കൃതസമൂഹത്തിനു നിരക്കാത്ത പ്രസ്താവന നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നതു സ്ഥാപനത്തിനു കളങ്കമാണെന്നും ഇത്തരം പ്രസ്താവനകൾക്കെതിരേ നിയമോപദേശം തേടിയിരിക്കുകയാണെന്നും സർക്കാരിനുവേണ്ടി സാംസ്കാരികവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരേ നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിനെതിരേ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.
കേരള കലാമണ്ഡലത്തിലെ ഒരു പൂർവവിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലം സത്യഭാമയ്ക്കു കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. സത്യഭാമയുടെ പ്രസ്താവന അപലപനീയമാണെന്നും കലാമണ്ഡലം പൂർണമായും നിരാകരിക്കുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
മനുഷ്യത്വത്തെ നിറത്തിന്റെ പേരിൽ അവഗണിക്കുന്ന തരത്തിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന പൂർണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു. കലാമണ്ഡലം സത്യഭാമ പരിഷ്കൃതസമൂഹത്തിനു നല്ല സന്ദേശം നൽകുന്നതിനുപകരം അപക്വമായ സന്ദേശമാണ് നൽകിയതെന്നും കമ്മീഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് കേരള സർക്കാർ നൽകി വരുന്ന അധികസമയമെന്ന ആനുകൂല്യം സിബിഎസ്ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
സിബിഎസ്ഇ സെക്രട്ടറിക്കും കേരള റീജണൽ ഡയറക്ടർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്. ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കാതിരിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രോഗബാധിതരായ കുട്ടികളോട് സിബിഎസ്ഇ ബോർഡ് നിഷേധ സമീപനം തുടർന്നാൽ അത് നിയമലംഘനമായി മാറുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരള സർക്കാർ 10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇത് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയെഴുതുന്ന കുട്ടികൾക്കും ബാധകമാക്കിയിരുന്നു.
കമ്മീഷനു പരാതി നൽകിയ ടൈപ്പ് വൺ ഡയബറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹിയായ ബുഷ്റ ഷിഹാബിനോട് സിബിഎസ്ഇ ബോർഡ് സെക്രട്ടറിക്ക് അപേക്ഷ നൽകാൻ കമ്മീഷൻ നിർദേശിച്ചു. അപേക്ഷ ലഭിച്ചാൽ അത് ഓൾ ഇന്ത്യാ മെഡിക്കൽ സയൻസസ് പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ദ്ധർക്ക് കൈമാറണം. അവർ നൽകുന്ന ഉപദേശം പരാതിക്കാരിക്ക് കൈമാറണം.
തുടർന്ന് പരാതിക്കാരിയെ വീഡിയോ കോൺഫറസിലൂടെ കേട്ട് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്തസോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തിന് ലംഘനമുണ്ടാകരുതെന്നും ഉത്തരവിൽ പറഞ്ഞു. തീരുമാനം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണം.
Kerala
തിരുവനന്തപുരം: വാളയാറിൽ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, കുറ്റക്കാരുടെ പേരുവിവരങ്ങൾ, മരിച്ചയാളുടെ വിലാസം, കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാവണം.
എഫ്ഐആറിന്റെ പകർപ്പ് ഹാജരാക്കണം. കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കണം. പാലക്കാട് അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം.
ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജനുവരി 27 രാവിലെ പത്തിന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
കോഴിക്കോട് : മാനാഞ്ചിറ എൽഐസി ഓഫീസിന് സമീപമുള്ള നടപ്പാതയിലെ തെരുവുകച്ചവടക്കാരുടെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സിറ്റി പോലീസ് കമ്മീഷണർ നഗരസഭാ ജീവനക്കാർക്ക് പോലീസ് സംരക്ഷണം ഏർപ്പാടാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മാർച്ച് 27 ന് കമ്മീഷൻ നഗരസഭാ സെക്രട്ടറിക്ക് നൽകിയ ഉത്തരവ് പൂർണമായി നടപ്പിലാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
നഗരസഭാ പ്രദേശത്ത് തെരുവുകച്ചവട മേഖലകൾ കണ്ടെത്തിയിട്ടുണ്ടോ, ഇപ്രകാരം കണ്ടെത്തിയിട്ടുണ്ടെങ്കിൽ തെരുവുകച്ചവടക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോ, തിരക്കുള്ള റോഡുകളിലും ജംഗ്ഷനുകളിലും തെരുവുകച്ചവടം നടത്താൻ അനുമതി നൽകുന്നതിന് മുമ്പ് സിറ്റി പോലീസിന്റെ ക്ലിയറൻസ് വാങ്ങിയിട്ടുണ്ടോ എന്നിങ്ങനെ മൂന്ന് വിവരങ്ങളാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്.
എന്നാൽ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തിൽ കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ നഗരസഭ സമർപ്പിച്ചില്ല. മാനാഞ്ചിറ എൽഐസി ഓഫീസിന് സമീപം തെരുവുകച്ചവടം തുടർന്നും നടത്താൻ അനുവദിക്കണമെന്ന അപേക്ഷ കേരള ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിൽ നിയമതടസമില്ലെന്ന് ഉത്തരവിൽ പറഞ്ഞു.
District News
കൽപ്പറ്റ: ജീവനക്കാരുടെ കാര്യത്തിൽ സാന്പത്തിക ചെലവ് വരാത്തതും മാനേജ്മെന്റ് തലത്തിൽ പരിഹാരം കാണാൻ കഴിയുന്നതുമായ വിഷയങ്ങളിൽ കെഎസ്ആർടിസി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് ക്രിയാത്മകമായ നടപടികൾ മാനേജ്മെന്റ് സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന കടുത്ത മനുഷ്യാവകാശങ്ങ ലംഘനങ്ങൾക്കെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഗുരുതര രോഗങ്ങൾക്കും അകാലമരണങ്ങൾക്കും കീഴടങ്ങുകയാണെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെ്രെവേഴ്സ് യൂണിയൻ സുൽത്താൻ ബത്തേരി യൂണിറ്റ് പ്രസിഡന്റ് ഹാജാ സലിം പരാതിയിൽ പറഞ്ഞു അശാസ്ത്രീയ റണ്ണിംഗ് സമയം, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത വാഹനങ്ങളുമായി സർവീസ് നടത്തുക, ശന്പളവും ആനുകൂല്യങ്ങളും യഥാസമയം നൽകാതിരിക്കുക, ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്പോൾ അതിന്റെ നഷ്ടം ജീവനക്കാരിൽ നിന്നും ഈടാക്കുക, ആകസ്മികമായി ഉണ്ടാകുന്ന അവധിയിലെ നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കുക, മനുഷ്യരഹിതമായി വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുക, ഓവർടൈം അവസരം നിർത്തലാക്കുക തുടങ്ങിയ വിഷയങ്ങളിൽ കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും അനുകൂലമല്ലാത്ത സമീപനമാണ് ഉള്ളതെന്ന് പരാതിക്കാരൻ അറിയിച്ചു.
ശന്പളം കൃത്യമായി നൽകാൻ നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി എംഡി കമ്മീഷനെ അറിയിച്ചു. ജീവനക്കാരുടെ ശന്പളത്തിൽ നിന്ന് ഈടാക്കുന്ന റിക്കവറി തുകകൾ കുടിശികയില്ലാതെ ധനകാര്യ സ്ഥാപനങ്ങളിൽ അടയ്ക്കുന്നുണ്ടെന്നും റിപ്പോർട്ട് പറഞ്ഞു. വാഹന പെരുപ്പം കാരണം തിരക്കുള്ള സമയങ്ങളിൽ വാഹനം ഓടിക്കേണ്ടി വരുന്നത് അമിത സമ്മർദ്ദങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പബ്ലിക് ട്രാൻസ്പോർട്ട് ശക്തിപ്പെടുത്താൻ കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ജീവനക്കാർക്കായി മെഡിക്കൽ ക്യാന്പുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി 60 വയസായി കുറയ്ക്കുന്നതിനുള്ള ശിപാർശ സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രായപരിധി 60 ആക്കണമെങ്കിൽ പദ്ധതി മാർഗനിർദേശം പരിഷ്കരിക്കണം. ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ 65 ആണ് പ്രായപരിധി.
എല്ലാ പഞ്ചായത്തുകളിലും വയോമിത്രം പദ്ധതി നടപ്പിലാക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇതിനായി മിഷന് ലഭ്യമാകുന്ന ബജറ്റ് വിഹിതം മതിയാകാത്ത സാഹചര്യമുണ്ട്.
148 ബ്ലോക്കുകളിലായി 931 പഞ്ചായത്തുകളിൽ കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനുണ്ട്. ഇതിനു വേണ്ടി 310 യൂണിറ്റുകൾ ആരംഭിക്കണം. ഇതിന് 108.50 കോടി രൂപ ആവശ്യമുണ്ട്.
കൂടുതൽ തുക അനുവദിക്കാൻ സർക്കാരിന് കത്ത് നൽകിയെങ്കിലും അംഗീകരിച്ചില്ല. തിരുവനന്തപുരം നഗരസഭയിലെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പിലാക്കാണമെന്ന ആവശ്യം പരിശോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എം. വിജയകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Kerala
കണ്ണൂർ: മൂന്നു നായ്ക്കളെ സ്വന്തമായി വളർത്തുകയും 15 നായ്ക്കൾക്കു ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്കു മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്കു പൊതുവഴികളിൽ ഭക്ഷണം നല്കുന്നതു നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കർശന നിർദേശം നൽകി.
തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദേശാനുസരണം പ്രവർത്തി ക്കാമെന്ന് തെരുവുനായ്ക്കൾക്കു ഭക്ഷണം നല്കുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും നായശല്യം തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്കു വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
എതിർകക്ഷിക്കെതിരേ നോട്ടീസ് നല്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദേശം നല്‍കിയത്.
District News
മലപ്പുറം: ഭിന്നശേഷിക്കാരോടുള്ള പെരുമാറ്റത്തിൽ സർക്കാർ ഉദ്യോഗസ്ഥർ വിനയവും സഹാനുഭൂതിയും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. സർക്കാർ ഓഫീസുകളിൽ സമത്വാവകാശം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തങ്ങൾ ജനസേവകരാണെന്ന അടിസ്ഥാന ഉത്തരവാദിത്വം മിക്ക ഉദ്യോഗസ്ഥരും മറക്കുന്നതായും കമ്മീഷൻ വിലയിരുത്തി. ഭിന്നശേഷിയുള്ള വ്യക്തിയെ അവഗണിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2024 ജൂലൈ 26ന് മലപ്പുറം ജില്ലയിലെ പുതുപൊന്നാനി അഴിമുഖത്ത് മണൽതിട്ട നീക്കം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ വിവരാവകാശ പ്രവർത്തകനായ തന്നെ പൊന്നാനി ഹാർബർ എക്സിക്യൂട്ടീവ് എൻജിനിയർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെന്നാനി മുക്കാടി സ്വദേശി എ.കെ. കരീം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എക്സിക്യൂട്ടീവ് എൻജിനിയറുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം മനഃപൂർവമല്ലെങ്കിലും പരാതിക്കാരന് നേരിട്ട മനോവിഷമം കണക്കിലെടുത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹാർബർ എൻജിനിയറിംഗ് ചീഫ് എൻജിനിയർ റിപ്പോർട്ടിൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: കല്ലമ്പലം മണമ്പൂർ വലിയവിളയിൽ ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ. മനുഷ്യാവകാശ കമ്മീഷനിൽ വലിയവിള സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നിലപാട് വ്യക്തമാക്കിയത്.
ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
District News
കോഴിക്കോട്: സെറിബ്രൽ പാൾസി രോഗമുള്ള കുട്ടിക്ക് നൽകിയ വിലകൂടിയ കൊമ്മോഡ് ചെയർ, അളവ് ശരിയല്ലാത്തതിനാൽ മാറ്റി നൽകണമെന്ന ആവശ്യം അംഗീകരിക്കാതെ തിരികെ വാങ്ങികൊണ്ടുപോയി ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്ത സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടർക്കെതിരേ നടപടിയെടുക്കേണ്ടിവരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം ഡയറക്ടർ സമർപ്പിക്കണം. ഇതുസംബന്ധിച്ച് നടന്ന വിജിലൻസ്, ധനകാര്യ പരിശോധന വിഭാഗം എന്നിവയുടെ അന്വേഷണ റിപ്പോർട്ടുകളും സമർപ്പിക്കണം. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസും ധനകാര്യ പരിശോധനാവിഭാഗവും അന്വേഷണം നടത്തിയതായി സമഗ്ര ശിക്ഷ കേരളം ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഡയറക്ടർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
കിടപ്പു രോഗിയായ തന്റെ മകന് ലഭിക്കേണ്ട വില കൂടിയ സ്റ്റീൽ ചെയർ വിത്ത് കമ്മോഡ് ലഭിച്ചിട്ടില്ലെന്നു പരാതിക്കാരനായ നന്മണ്ട സ്വദേശി കമ്മീഷനെ അറിയിച്ചു.വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും കമ്മീഷനെ അറിയിച്ചിട്ടില്ലെന്ന് ഉത്തരവിൽ പറഞ്ഞു.
District News
കൽപ്പറ്റ: ആദിവാസി കുടുംബത്തിന്റെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ കേസടുത്തു. പനമരം കുറുന്പാലക്കോട്ട അന്പലംകുന്ന് ഉന്നതിയിൽ 22 പേർ അടങ്ങുന്ന കുടുംബം അനുഭവിക്കുന്ന ദുരിതവുമായി ബന്ധപ്പെട്ടാണ് കേസ്.
ചുമരും മേൽക്കൂരയും തകർന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബത്തിന്റെ താമസം. ശുചിമുറി സൗകര്യമില്ലതെ വിഷമിക്കുന്ന കുടുംബം ശുദ്ധജലത്തിനും പ്രയാസപ്പെടുകയാണ്. വീടിന് പിന്നിലെ പാറകൾ ഏതുസമയവും നിലംപതിക്കുന്ന സ്ഥിതിയിലാണ്. കുടുംബം ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാൽ ഇവിടെ നിർമാണസാമഗ്രികൾ എത്തിക്കുക എളുപ്പമല്ല.
പൂർണമായ പുനരധിവാസമാണ് കുടുംബം നേരിടുന്ന ദുരിതത്തിന് പരിഹാരം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കേസെടുത്തത്. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ കളക്ടർക്കും ട്രൈബൽ ഡവലപ്മെന്റ് ഓഫീസർക്കും നിർദേശം നൽകി. കേസ് ബത്തേരിയിൽ അടുത്ത മാസം നടത്തുന്ന സിറ്റിംഗിൽ പരിഗണിക്കും.
District News
തിരുവനന്തപുരം : വീടിനു മുന്നിലെ കൈച്ചാനലിൽനിന്നു മലിനജലം കുത്തിയൊലിച്ചിറങ്ങിയതു കാരണം കിടപ്പുരോഗി ഉൾപ്പെട്ട കുടുംബം ദുരിതത്തിലായെന്ന പരാതി സ്ഥലസന്ദർശനം നടത്തി അടിയന്തരമായി പരിഹരിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പാറശാല ഐങ്കാമത്ത് ശരീരം തളർന്ന ഭിന്നശേഷിക്കാരനായ മണ്‍വിളക്കുഴി വീട്ടിൽ പുഷ്പരാജിന്റെ (48) കുടുംബമാണ് ദുരിതത്തിലായത്.
അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ഡെപ്യൂട്ടി കളക്ടർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പാറശാല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി എന്നിവർ ഡിസംബറിൽ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാവുകയും വേണം.
District News
കോഴിക്കോട്: മിനി ബൈപാസില്‍ ഗോവിന്ദപുരം പഞ്ചാബ് നാഷണല്‍ ബാങ്കിന് മുന്നിലുള്ള നടപ്പാതയില്‍ സ്വകാര്യ കമ്പനി നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നിയമാനുസൃതം എത്രയുംവേഗം പൊളിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. പൊതുമരാമത്ത് (റോഡ്സ്) വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപ്പാതയില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ ഏജന്‍സി സ്ഥാപിച്ചതാണെന്ന് പറയുന്നു. റോഡിന്റെ സ്ഥലം കൈയേറി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി കാല്‍നട സുഗമമാക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭക്കും കത്ത് നല്‍കിയിരുന്നു.സ്വകാര്യ ഏജന്‍സി ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ച് നീക്കാതിരുന്നാല്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കി ചെലവായ തുക ഏജന്‍സിയില്‍ നിന്നും ഈടാക്കുമെന്നും എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദപുരം സ്വദേശി കെ. ശിവദാസന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
District News
മലപ്പുറം: സർക്കാർ ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. മതിയായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
പൊതുജനാരോഗ്യം ഭരണഘടനാപരമായ അവകാശമായതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ശുചിത്വ സൗകര്യങ്ങളും ആവശ്യാനുസരണം ലഭ്യമാക്കി രോഗികൾക്ക് യഥാസമയം ഗുണമേൻമയുള്ള ചികിത്സ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലുള്ള ഒപി പ്രവർത്തിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണെന്നും കേവലം 50 രോഗികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മേൽക്കൂരയില്ലാത്ത തുറസായ വഴിയിലൂടെയാണ് സ്ട്രെക്ചറിൽ രോഗികളെ കൊണ്ടുപോകുന്നതെന്നും പരാതിയിൽ പറയുന്നു.
ഡോക്ടർമാരുടെ കുറവ് കാരണമാണ് ന്യൂറോളജി, നെഫ്രോളജി പ്രവർത്തനം പരിമിതപ്പെടുത്തുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയുടെ എ ബ്ലോക്കിൽ നിന്ന് ബി ബ്ലോക്കിലെത്താൻ റാന്പ് നിർമിക്കുമെന്നും അതോടെ മേൽക്കൂരയില്ലാത്ത സ്ഥലത്ത് സ്ട്രെക്ചറിൽ രോഗിയെ കൊണ്ടുപോകുന്നത് ഒഴിവാക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഡോക്ടർമാരുടെ കുറവ് നികത്തണമെന്നും ന്യൂറോളജി, നെഫ്രോളജി ഒപി വിഭാഗങ്ങൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പ്രവർത്തിക്കണമെന്നും പരാതിക്കാരനായ തേനത്ത് മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഉന്നയിച്ച ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അധികൃതർ ഒരു മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. ഉത്തരവ് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അയച്ചു.
District News
കൽപ്പറ്റ: പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ തുറന്ന ഹാളിൽ രോഗികളെ പരിശോധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ കളക്ടറും ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
രോഗികളുടെ സ്വകാര്യതയാണ് ലംഘിക്കപ്പെടുന്നത്. സ്ത്രീകൾ അടക്കമുള്ളവർക്ക് രോഗവിവരം ഡോക്ടറെ അറിയിക്കാൻ കഴിയുന്നില്ല. ഡോക്ടർമാർക്ക് മുറികളുണ്ടെങ്കിലും പരിശോധന ഹാളിലാക്കിയതിന്റെ കാരണം വ്യക്തമല്ല.
District News
കോഴിക്കോട്: ദേശീയപാതാ ബൈപാസ് സര്‍വ്വീസ് റോഡില്‍ നന്തിബസാര്‍ ഇരുപതാം മൈലിലെ തകര്‍ന്ന സ്ലാബില്‍ യാത്രക്കാര്‍ വീണ് അപകടപരമ്പരകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ മനുഷ്യജീവന് രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.
ജില്ലാ കളക്ടറും എന്‍.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയക്ടറും ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. റോഡിലെ കുഴിയില്‍ യാത്രക്കാരും വാഹനങ്ങളും വീഴുന്നത് പതിവാണ്.
സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഓടയുടെ സ്ലാബ് തകര്‍ന്നു കിടപ്പാണ്. സ്ലാബ് തകര്ന്നതറിയാതെയാണ് വെള്ളക്കെട്ടുള്ള സ്ഥലത്ത് യാത്രക്കാര്‍ ഓടയിലേക്ക് വീഴുന്നത്. ഒമ്പത് ദിവസത്തിനകം അഞ്ച് അപകടങ്ങളാണ് ഇവിടെയുണ്ടായത്.
സ്ലാബ് നന്നാക്കാനോ വെള്ളക്കെട്ട് ഒഴിവാക്കാനോ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് പോലുമില്ലെന്ന് പറയുന്നു .
District News
കൊല്ലം : സൗദി അറേബ്യയിൽ പലചരക്ക് കടയിൽ ജോലിക്ക് പോയ തന്നെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിന് നിർബന്ധിച്ചപ്പോൾ വിസമ്മതിച്ചതി െ ന്റ പേരിൽ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.പുനലൂർ ഡിവൈഎസ്പിക്കും ഏരൂർ എസ്എച്ച്ഒയ്ക്കുമാണ് കമ്മീഷൻ അംഗം വി. ഗീത ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
ഏരൂർ ഭാരതിപുരം സ്വദേശി മുഹമ്മദ് അൻസാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഏരൂർ ഇലവിൻമൂട് സ്വദേശിയാണ് പരാതിക്കാരനെ ഗൾഫിൽ ജോലിക്ക് കൊണ്ട് പോയത്.തനിക്ക് ഇയാളിൽ നിന്നും വധഭീഷണിയുണ്ടെന്നും ഗുണ്ടാ ആക്രമണ ഭീഷണിയുണ്ടെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
ഇതു സംബന്ധിച്ച് പുനലൂർ ഡി വൈ എസ് പിക്കും ഏരൂർ എസ് എച്ച് ഒക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.എന്നാൽ പരസ്പരം തർക്കങ്ങളും ആരോപണങ്ങളും ഉണ്ടാകരുതെന്ന് ഇരുകക്ഷികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി പുനലൂർ ഡിവൈ എസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഈ റിപ്പോർട്ടി െ ന്റ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
District News
മലപ്പുറം : ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കുന്ന സർക്കാർ സംരംഭമായ ഷെൽട്ടർ ഹോമിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വേതന വർധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഷെൽട്ടർ ഹോം ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി. സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ശന്പളവും വേതനവും ജീവനക്കാരുടെ അവകാശമാണെന്ന് ഉത്തരവിൽ പറഞ്ഞു. അത് നിഷേധിക്കുന്നതും വൈകിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ഷെൽട്ടർ ഹോമിലെ ജീവനക്കാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ രണ്ടുമാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
2022 ഏപ്രിൽ മുതൽ സംസ്ഥാന വനിത-ശിശുവികസന വകുപ്പ് നേരിട്ടാണ് ഷെൽട്ടർ ഹോമുകൾ നടത്തുന്നത്. വിവിധ ജില്ലകളിൽ ഷെൽട്ടർ ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. അന്തേവാസികൾക്ക് സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, വൊക്കേഷണൽ ട്രെയിനിംഗ്, കൗണ്‍സലിംഗ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസം എന്നിവ ഷെൽട്ടർ ഹോമിൽ നിന്ന് നൽകിവരുന്നുണ്ട്.
സൂപ്രണ്ട്, മാനേജർ, കൗണ്‍സിലർ, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂണ്‍, കുക്ക്, വാച്ച് വുമണ്‍ എന്നീ തസ്തികകൾ നിലവിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനമാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ശന്പളം നൽകിയിട്ട് ഒന്‍പത് മാസമായി.
മലപ്പുറം ജില്ലാ വനിതാ-ശിശു വികസന ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022-23 ലെ ഒരു ക്വാർട്ടറിലുള്ള വർക്കിംഗ് ഫണ്ടും ഹോണറേറിയവും നൽകിയിട്ടുണ്ടെന്നും ബാക്കി മൂന്ന് ക്വാർട്ടറിലെ അലോട്ട്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് 2024 മാർച്ച് 22 നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2024 - 25 ലെ പുതിയ അലോട്ട്മെന്റ് ലഭിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ തങ്ങൾക്ക് ലഭിക്കുന്ന വേതനം ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെക്കാൾ കുറവാണെന്ന് പരാതിക്കാർ അറിയിച്ചു. ഷെൽറ്റർ ഹോം ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
കൊല്ലം : യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരുന്ന ചടയമംഗലം പോലീസിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ആയുർ സ്വദേശി ജിജോ ടി. ലാലിനെ കഴിഞ്ഞ ഫെബ്രുവരി 16 ന് സംഘം ചേർന്ന് അക്രമിച്ചതുമായി ബന്ധപെട്ടു കമ്മീഷന് ലഭിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയോട് ആണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഉത്തരവ് ഇട്ടിരിക്കുന്നത്. കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയെങ്കിലും അതിൽ കേസെടുത്തതിനെകുറിച്ച് പരാമർശിച്ചിരുന്നില്ല. ദേഹോപദ്രവത്തിൽ പരിക്ക് പറ്റിയതിന്റെ രേഖകൾ പരാതിക്കാരനായ ജിജോ ടി. ലാൽ ഹാജരാക്കിയിരുന്നു.
പരാതിക്കാരൻ ചടയമംഗലം എസ് എച്ച് ഒക്ക് എതിരെ നൽകിയ കേസ് പുനലൂർ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടയമംഗലം സ്റ്റേഷനിലെ സിസിടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കോടതിക്ക് കൈമാറിയതായും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2024 നവംബർ 28ന് ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ജിജോയെ ഉപദ്രവിച്ച സംഭവത്തിൽ എസ് എച്ച് ഒക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ക്രൂര മർദനത്തിനിരയായ പരാതിക്കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ ക്ഷുഭിതനായ എസ്എച്ച്ഒ ചിലരുടെ സഹായത്തോടെ പൊതുമധ്യത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ചടയമംഗലം പോലീസ് തയാറാവാഞ്ഞത്.
District News
കൊല്ലം : മണ്ണൂർ സെന്റ് ജോൺസ് സിവിഎച്ച്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത അധ്യാപികയ്ക്ക് ലഭിക്കാനുണ്ടായിരുന്ന കുടിശിക ശമ്പളം നൽകിയതായി കൊട്ടാരക്കര ഡിഇഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവിന്റെഅടിസ്ഥാനത്തിലാണ് നടപടി.
2023 സെപ്റ്റംബർ 18 മുതൽ 2024 മാർച്ച് 31 വരെയുള്ള വേതനമാണ് നൽകാനുണ്ടായിരുന്നത്.
പരാതിക്കാരിയായ മൈലം ഇഞ്ചക്കാട് സ്വദേശിനിക്ക് ഒരു മാസത്തിനുള്ളിൽ കുടിശിക വേതനം നൽകണമെന്ന് കമ്മീഷൻ ജൂൺ 28 ന് ഡിഇഒക്ക് നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 14 ന് തുക നൽകിയതായി ഡിഇഒ കമ്മീഷനെ അറിയിച്ചു.